എല്ലായിടത്തും വൈകിയെത്തുന്നവരാണോ നിങ്ങൾ??

എല്ലാ കാര്യങ്ങളും കൃത്യസമയത്ത് ചെയ്യണമെന്നും, എല്ലായിടത്തും കൃത്യസമയത്ത് എത്തണമെന്നും ആഗ്രഹമുണ്ടെങ്കിലും പലർക്കും അത് സാധിക്കാറില്ല. എങ്കിൽ, സൈക്കോളജിയിൽ ഇത്തരം ആളുകളെ കുറിച്ച് പറയുന്നത് അവർ ടിഡ്‌സോപ്റ്റിമിസം (Tidsoptimist) ഉള്ളവരാണെന്നാണ്.
എന്താണ് ടിഡ്സോപ്റ്റിമിസം ???
ടിഡ്സോപ്റ്റിമിസം എന്ന പദം 1960 കളിൽ സ്വീഡിഷ് നിഘണ്ടുവിലാണ് ആദ്യമായി ഇടം പിടിക്കുന്നത്. അടുത്ത കാലത്ത്
ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ഇത് ചർച്ചാവിഷയമാക്കിയതോടെയാണ് ഈ പദം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇംഗ്ലീഷിൽ ഇത് Time Optimist എന്ന് വിവർത്തനം ചെയ്യപ്പെടും. അതായത് സമയത്തിലുള്ള ശുഭാപ്തിവിശ്വാസം.
ഒരു കാര്യം ചെയ്തു തീർക്കാൻ യഥാർത്ഥത്തിൽ എത്ര സമയം ആവശ്യമാണോ, അതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീർക്കാൻ സാധിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.
ഉദാഹരണത്തിന് :
ഒരു സ്ഥലത്തേകെത്താൻ 20 മിനിറ്റാണ് ആവശ്യമെങ്കിൽ, 12-ഓ 13-ഓ മിനിറ്റ് മതിയാകുമെന്ന് അവർ കരുതും. അതുകൊണ്ട് തന്നെ എപ്പോഴും വൈകുകയും, തിരക്ക് പിടിച്ച് ഇറങ്ങുകയും, ഒടുവിൽ കടുത്ത സ്ട്രെസ്സ് അനുഭവിക്കുകയും ചെയ്യും.
ഇതൊരു രോഗാവസ്ഥയല്ല, അതിനാൽ ഇതിന് പ്രത്യേകം മരുന്നുമില്ല. മറിച്ച്, ഇത് ഒരു വ്യക്തിയുടെ സമയക്രമീകരണവും പ്ലാനിങ്ങും തമ്മിലുള്ള പൊരുത്തക്കേടാണ്.
ടിഡ്സോപ്റ്റിമിസത്തിൻ്റ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ ???
1. അവസാന നിമിഷത്തെ ഓട്ടം: എപ്പോഴും അവസാന സമയത്തോ വൈകിയോ എത്തുക, എന്നിട്ടും താൻ സമയനിഷ്ഠ പാലിക്കുന്നവനാണെന്ന് സ്വയം വിശ്വസിക്കുക.
2. ഡെഡ്‌ലൈൻ പ്രഷർ: ഏതൊരു ഉത്തരവാദിത്തവും അവസാന സമയത്തേക്ക് മാറ്റിവെച്ച് ചെയ്തു തീർക്കുക. ⏳
3. സമയത്തെക്കുറിച്ചുള്ള മിഥ്യാധാരണ: ഇനിയും ഒരുപാട് സമയമുണ്ടെന്ന് തോന്നുക, എന്നാൽ അവസാന നിമിഷം സമയമില്ലെന്ന് തിരിച്ചറിയുക.
4. അവസാനത്തെ ടാസ്ക്: പുറപ്പെടാൻ നേരം "ഒരു കാര്യം കൂടി ചെയ്യാനുണ്ട്" എന്ന് പറഞ്ഞ് പുതിയൊരു ജോലി കൂടി ഏറ്റെടുക്കുക. 🎒
5. പരിധിവിട്ട ഷെഡ്യൂൾ: വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തുതീർക്കാൻ കഴിയാത്തത്ര കാര്യങ്ങൾ ഉൾപ്പെടുത്തി ഷെഡ്യൂൾ തയ്യാറാക്കുക. 🗓️
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മറ്റുള്ളവരുടെ സമയത്തിന് വിലകൽപ്പിക്കാത്ത സ്വാർത്ഥതയായി ഇത് പലർക്കും തോന്നാമെങ്കിലും, ഇതിന് പിന്നിൽ പ്രധാനമായും രണ്ട് മനഃശാസ്ത്രപരമായ കാരണങ്ങളാണുള്ളത്:
1. പ്ലാനിങ് ഫാലസി :
ഒരു കാര്യം പ്ലാൻ ചെയ്യുമ്പോൾ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളും തടസ്സങ്ങളും മുൻകൂട്ടി കാണാതെ, എല്ലാം അനുകൂലമായിരിക്കുമെന്ന് ചിന്തിക്കുന്ന അവസ്ഥയാണിത്.
ഉദാഹരണം: ട്രാഫിക്കിൽ എല്ലാ സിഗ്നലുകളും ഗ്രീൻ ലൈറ്റ് ആയിരിക്കുമെന്നും, പെട്ടെന്ന് തന്നെ പാർക്കിംഗ് കിട്ടുമെന്നുമുള്ള തെറ്റായ ധാരണയിൽ യാത്ര വൈകിപ്പിക്കുക.
2. അമിതമായ ശുഭാപ്തി വിശ്വാസം :
ലഭ്യമായ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ സാധിക്കുമെന്ന് കരുതും. എന്നാൽ പ്രായോഗികമായി കാര്യങ്ങളിലേക്ക് കടക്കുമ്പോഴേ യാഥാർത്ഥ്യം തിരിച്ചറിയും.
എന്താണ് ഇതിനുള്ള പരിഹാരം ???
1. സമയം കൃത്യമായി കണക്കാക്കുക: ⏱️
ഒരു കാര്യം പ്ലാൻ ചെയ്യുമ്പോൾ നേരിടാവുന്ന വെല്ലുവിളികളും, തടസ്സങ്ങളും മുൻകൂട്ടി കണ്ട് കുറച്ചധികം സമയം അതിനായി മാറ്റിവെക്കുക.
2. അമിതപ്രതീക്ഷകൾ ഒഴിവാക്കുക: 🚫 എല്ലാം വിചാരിക്കുന്നതുപോലെ അനുകൂലമായി നടക്കുമെന്ന ചിന്ത ഒഴിവാക്കുക.
3. ടാസ്‌കുകൾക്കിടയിൽ ബ്രേക്ക് നൽകുക: ☕
ഒരു കാര്യം ചെയ്യാൻ 30 മിനുട്ട് എടുക്കുമെങ്കിൽ ഉടൻ തന്നെ അടുത്ത കാര്യം പ്ലാൻ ചെയ്യരുത്. തയ്യാറെടുക്കാനും വിശ്രമിക്കാനുമുള്ള സമയം കൂടി അതിനിടയിൽ നൽകുക.
4. ഡെഡ്ലൈനിൽ നിന്ന് പിന്നോട്ട് പ്രവർത്തിക്കുക
⏪ 9 മണിക്കാണ് എത്തേണ്ടതെങ്കിൽ "എപ്പോഴാണ് ഞാൻ ഇറങ്ങേണ്ടത്?" എന്നല്ല ചോദിക്കേണ്ടത്, മറിച്ച് "എപ്പോഴാണ് ഞാൻ ഒരുങ്ങിത്തുടങ്ങേണ്ടത്?" എന്നാണ്.
5. ഓരോ പ്രവർത്തനത്തിനും അലാറം വെക്കുക: ⏰
8:00 AM - തയ്യാറെടുത്തു തുടങ്ങുക.
8:20 AM - ഒരുങ്ങിക്കഴിയുക.
8:30 AM - പുറപ്പെടുക.
സമയം എന്നത് ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് തിരികെ ലഭിക്കാത്ത ഒന്നാണ്. 'ടിഡ്‌സോപ്റ്റിമിസം' ഒരു രോഗമല്ലെങ്കിലും, അത് നമ്മുടെയും നമ്മളുമായി ബന്ധപ്പെടുന്നവരുടെയും സമാധാനത്തെയും സമയത്തെയും പ്രതികൂലമായി ബാധിക്കാം. കൃത്യമായ പ്ലാനിങ്ങിലൂടെയും ചെറിയ മാറ്റങ്ങളിലൂടെയും നമുക്ക് എളുപ്പത്തിൽ മറികടക്കാവുന്ന ഒന്നാണിത്. നാളെ മുതൽ കുറച്ചുകൂടി യാഥാർത്ഥ്യബോധത്തോടെ സമയത്തെ നേരിടാം.
Comments (1)
വിലമതിക്കാനാകാത്ത സമയത്തെ വിലകൽപ്പിച്ചു മുന്നോട്ട് പോവും inshaallah🤍